Pages

Wednesday 19 October 2016

ക്രയോണ്‍സിന് പറയാനുള്ളത്......

            ക്രയോണ്‍സിന് പറയാനുള്ളത്......

2003 ജൂണ്‍ 4. ഒന്നാം ക്ലാസിലെ മൂന്നാമത്തെ ദിവസം. കൂര്‍പ്പിച്ച റൂള്‍ പെന്‍സിലും ചാരനിറമുള്ള ഉരുണ്ട സ്ലേറ്റ് പെന്‍സിലും മിക്കിമൌസിന്‍റെ ബോക്സില്ലാക്കി അമ്മ ബാഗില്‍ വച്ചു തന്നു. ഒപ്പം ഒരു ക്രയോണ്‍സ് ബോക്സും. "ഇതില്‍ എത്ര എണ്ണമുണ്ട്?" അമ്മ ചോദിച്ചു. "ഒന്ന്,രണ്ട്,...................പന്ത്രണ്ട്." ഞാന്‍ കൃത്യമായി എണ്ണി. "മിടുക്കി. ഒന്നും കളയരുത് ട്ടോ....ഡ്രോയിങ്ങ് പിരീഡ് മാത്രം പുറത്തെടുത്താ മതി."അമ്മ അല്‍പം ശാസനയോടെ പറഞ്ഞു."ഉം” ഞാന്‍ തലയാട്ടി.ക്രയോണ്‍സ് ബോക്സിന്‍റെ പുറകിലെ കോളത്തില്‍ ചുവന്ന മഷി
 പേനകൊണ്ട് അമ്മ എഴുതി. മനീഷ.K.S. 1.C

സ്കൂള്‍ ബസ്  വന്നു. ഗോപിയങ്കിളീന്‍റെ രാഗിണി വണ്ടി. ഇനി എന്നും ഞാന്‍ അതിലാണ് പോകേണ്ടത്. ഗോപിയങ്കിളിനെ എനിക്ക് നല്ല ഇഷ്ടാണ്.വണ്ടീലെ ചേച്ചിമാരെയും എനിക്കറിയാം. ചേച്ചിമാരുടേ മടിയില്‍ കയറിയിരുന്ന് എന്‍റെ പുത്തന്‍ ബാഗ് ഞാന്‍ കെട്ടിപിടിച്ചു. അതിലെന്‍റെ ക്രയോണ്‍സുമുണ്ട്. ബാഗിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട സാധനം. ഡ്രോയിങ്ങ് പിരീഡ് വരെ ക്ഷമിക്കാന്‍ കഴിഞ്ഞില്ല. വണ്ടിയില്‍ വച്ച് തന്നെ ക്രയോണ്സ് ബോക്സ് പുറത്തെടുത്ത് ചേച്ചിമാരെ കാണിച്ചു.”ഇതില്‍ പന്ത്രണ്ട് കളറുണ്ട്.” ഞാന്‍ ചേച്ചിമാരെ നോക്കി പറഞ്ഞു. “ഇതെന്താ ഇത്?” കൂട്ടത്തിലൊരു ചേച്ചി എന്നോട് ചോദിച്ചു."ഇതാണ്‍ ക്രയോണ്‍സ്. റൂള്‍ പെന്‍സിലോണ്ട് വരക്കും എന്നിട്ട് ഇതോണ്ട് കളറടിക്കും. മൂന്നാം ക്ലാസിലായാ പേനകൊണ്ട് വരയ്ക്കാം.
കാശത്തിന് നീല.......കാക്കയ്ക്ക് കറുപ്പ്.........മരത്തിന് പച്ച........”ഞാന്‍ വല്ല്യ ഗമയില്‍ പറഞ്ഞുകൊണ്ടിരുന്നു.

റൂള്‍പെന്‍സിലിന്‍റെ വരകള്‍ക്കിടയിലൂടെ വര്‍ണ്ണം വരയുന്ന ക്രയോണ്‍സ് അന്ന് എനിക്കൊരത്ഭുതമായിരുന്നു. അതിലേറെ ഇഷ്ടവും........ . ഏഴുനിറമുള്ള മഴവില്ലിനേക്കാള്‍  അതിമനോഹരമെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്ന എന്‍റെ കോറിവരകള്‍ക്ക് വര്‍ണ്ണപകിട്ടു നല്‍കുന്ന 12 നിറമുള്ള ക്രയോണ്‍സ്  ബോക്സിനെയായിരുന്നു എനിക്കിഷ്ട്ടം.
 സ്കൂളിലെത്തി   അടുത്തിരിക്കുന്നവര്‍ക്കൊക്കെ ബാഗിന്‍റെ സിപ് തുറന്ന് പുതിയ ക്രയോണ്‍സ് ബോക്സ് കാണിച്ച് കൊടുത്തു. ഇടയ്ക്കിടയ്ക്ക് ഞാനത് പുറത്തെടുക്കും. എന്നിട്ട് ആരും കാണാതെ  മണത്തു നോക്കും.ആ മണം ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. വരയുടെ പുറത്ത് പോകാതെ കളറടിക്കുന്നത് അന്ന് ശ്രമകരമായ ജോലിയായിരുന്നെങ്കിലും എനിക്കത് വലിയ സന്തോഷമായിരുന്നു. ഡ്രോയിങ്ങ് പിരീഡ് കഴിഞ്ഞ് ക്രയോണ്‍സ്  എല്ലാം തിരിച്ച് വക്കുമ്പോള്‍ 12 എണ്ണമുണ്ടെന്ന് റപ്പുവരുത്തുന്നതുവരെ യാഥൊരു സമാധാനവുമുണ്ടാവില്ല. ഒരിക്കല്‍ എന്‍റെ ക്രയോണ്‍സ് മോഷ്ടിച്ചതിന്‍റെ പേരില്‍ മൂര്‍ച്ചയുള്ള നഖം കൊണ്ട് ഞാനവളെ പിച്ചി. പിന്നെ ഞാനവളോട് മിണ്ടിയിട്ടേ ഇല്ല. 

അങ്ങനെയൊരിക്കല്‍ അന്നാദ്യമായി  പച്ച ക്രയോണ്സ് ഒടിഞ്ഞു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... മനസില്‍ കോറിവരച്ച വര്‍ണചിത്രങ്ങളുടെ മിഴിവ് നഷ്ട്ടപ്പെടുന്നതു പോലെ...പിന്നീട് അതൊരു സ്ഥിരം സംഗതിയായി. പലതും തേഞ്ഞുതീര്‍ന്നു....ചിലത് ഒടിഞ്ഞു നുറുങ്ങി. ചിലതൊക്കെ നഷ്ടപ്പെട്ടു...... അവസാനം വെള്ള നിറം മാത്രം ബാക്കിയായി.. അധികം കേടുപാടുകളില്ലാത്ത വെള്ള ക്രയോണ് കുഞ്ഞു കീരിപല്ലുകള്‍ കൊണ്ട് ഞാന്‍ കാരിത്തിന്നു.... അത് ഞാന്‍ മുന്‍പും
 ചെയ്യാറുണ്ടായിരുന്നു.......ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മുന്നോട്ടുപാഞ്ഞു......സ്കെച്ചും മാര്‍ക്കറുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങി. ഇയ്ക്കെപ്പഴോ എവിടെയോ വച്ച് ഞാനെന്‍റെ ക്രയോണ്സിനെ മറന്നു. വര്‍ഷങ്ങള്‍ പിന്നെയും മുന്നോട്ട്..............

എന്തോ കുത്തിക്കുറിക്കാന്‍ പേന തിരഞ്ഞപ്പോള്‍ പരിചിതമായ ഒരു മണം......അന്ന് ഞാന്‍ കാരിതിന്ന ക്രയോണ്സിന്‍റെ തന്നെ...പകുതി ഒടിഞ്ഞുപോയ ഒരു കുട്ടി  ക്രയോണ്സ് എന്‍റെ കയ്യിലുടക്കി. വീട്ടില്‍ വന്ന ഒരു കുഞ്ഞു വിരുന്നുകാരന്‍ ഇവിടെ വച്ചിട്ട് പോയതാണ്....എപ്പഴോ മനസ്സില്‍ നിന്നും അടര്‍ന്നുപോയ കുറേ ഓര്‍മ്മകള്‍  മനസ്സിലേക്കോടി വന്നു. കുഞ്ഞുനാളില്‍ ഞാനേറെ സ്നേഹിച്ചിരുന്നതല്ലെ..........എന്നാണ് ഞാനതിനെ മറന്നത്............ഇപ്പോള്‍ എന്തിനാണ് എന്‍റെ കയ്യിലേക്ക് തിരിച്ചു വന്നത്...... എന്നോടെന്തോ പറയാനായിരിക്കും......അതെ അതെന്നോടെന്തോ സംസാരിക്കുതന്നെയാണ്................................................
...........................................................................................................................................
..............................................................................................................................................
"നീയെന്നെ ഓര്‍ക്കുന്നുണ്ടോ...ഞാന്‍ ആ പഴയ  ക്രയോണ്സാണ്. പണ്ട് നീയെന്നെ ഒത്തിരി സ്നേഹിച്ചിരുന്നു. നീ മാത്രമല്ല എല്ലാ കുട്ടികളും കുഞ്ഞുനാളില്‍ അങ്ങനെയാണ്. വലുതാകും തോറും പതിയെ പതിയെ എന്നെ മറക്കും. അല്ലേ.....നിന്‍റെ  മുന്നോടുള്ള ജീവിതത്തിനെ കുറിച്ച് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനാണ് ഞാന്‍ നിന്നെ തേടിയെത്തിയത്. നിന്നെ നല്ല വ്യക്തിത്വമുള്ള ഒരാളാക്കി മാറ്റാന്‍......എന്നെപ്പോലെ തന്നെ നീയും ആയിതീരണം എന്ന് നിന്നെ ഓര്‍മിപ്പിക്കാന്‍.....എന്താണ് എനിക്കിത്ര പ്രത്യേകതയെന്നാവും. നീ എന്നെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ.......


ഞാന്‍ നീ വരക്കുന്ന ചിത്രങ്ങള്‍ക്ക് വര്‍ണ്ണം നല്‍കി നിന്നെ സന്തോഷിപ്പിക്കുകയായിരുന്നുഅതുപോലെ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്കായി പ്രയത്നിച്ച് അവരെ സന്തോഷിപ്പിക്കാന്‍ നിനക്കും സാധിക്കണം. മറ്റുള്ളവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കണം. നിന്‍റെ ചിത്രങ്ങള്‍ക്ക് വര്‍ണ്ണം നല്‍കി നിന്നെ സന്തോഷിപ്പിക്കുമ്പോഴൊന്നും ഞാന്‍ നിന്നില്‍ നിന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നിട്ടും നീ എന്നെ ഒത്തിരി സ്നേഹിച്ചു. അതുപോലെ ഒന്നിനും വേണ്ടിയല്ലാതെ ഒന്നും തിരിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നീയും ശ്രമിക്കണം. അപ്പോള്‍ നീയെന്നെ സ്നേഹിച്ചതുപോലെ അവരും നിന്നെ സ്നേഹിക്കും.
ഓരോതവണ നീ എന്നെ ഉപയോഗിച്ച് നിറം നല്‍കുമ്പോഴും ഞാന്‍ ഇല്ലാതാവുകയായിരുന്നു. പക്ഷേ വര്‍ണശളമായ ചിത്രങ്ങള്‍ കണ്ട് സന്തോഷിക്കുന്ന നിന്‍റെ മുഖം കാണുമ്പോള്‍ ഞാനെന്‍റെ വേദനയെല്ലാം മറക്കും. മറ്റുള്ളവര്‍ നിന്നെ വേദനിപ്പിക്കുമ്പോള്‍ അവരേയും സ്നേഹിക്കാന്‍ നീ പഠിക്കണം. നീയെന്നെ എത്രത്തോളം വേദനിപ്പിച്ചിരുന്നാലും നിന്‍റെ ചിത്രങ്ങള്‍ക്ക് ഞാന്‍ മിഴിവ് നല്‍കി. നീയും നിന്നെവേദനിപ്പിക്കുന്നവരെ തിരിച്ച് സന്തോഷിപ്പിക്കുക. നിന്‍റെ സന്തോഷത്തിനായി ഞാന്‍ അലിങ്ങില്ലാതായി. അതുപോലെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നീയും ത്യാഗം ചെയ്യുക. ചിത്രങ്ങള്‍ക്ക് വര്‍ണ്ണം നല്‍കാന്‍ വേണ്ടി ജനിച്ച ഞാന്‍ ഇന്നും കൃത്യതയോടെ ആ ജോലി തുടരുന്നു. അതുപോലെ നീ നിന്‍റെ കര്‍മ്മം കൃത്യതയോടും ആത്മാര്‍ത്ഥതയോടും കൂടി നിര്‍വഹിക്കുക. സ്കെച്ച് പേന കൊണ്ട് നീ വരച്ച വരകളെല്ലാം അനാവശ്യമായി അപ്പുറത്തെ പേജിലേക്ക് പടര്‍ന്നിരുന്നു. എന്നാല്‍ ഞാന്‍ വരച്ച വരകളൊന്നും അനാവശ്യമായി പടര്‍ന്നിരുന്നില്ല നീ ചെയ്യുന്ന ഒരു പ്രവര്‍ത്തിയും ആരെയും ദോഷരമായി ബാധിക്കരുത്. ഒരാളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മറ്റൊരാളെ  വേദനിപ്പിക്കരുത്. ഒടുക്കം നീയെന്നെ മന്നിട്ടും ഞാന്‍ നിന്നെ തേടിയെത്തി. അതുപോലെ എത്ര ഉന്നതങ്ങളിലെത്തിയാലും നിനക്കു ചുറ്റും ഉണ്ടായിരുന്നവരെ നീ മറക്കരുത്. നിന്‍റെ ചിത്രങ്ങള്‍ക്ക് ഞാന്‍ നിറം നല്‍കി. ഇന്ന് നിന്‍റെ ജീവിതത്തിനും ഞാന്‍ നിറം നല്‍കുകയാണ്.ഇതുപോലെ മറ്റുള്ളവരുടെ ജീവിതത്തിന് നിറം പകരാന്‍ നിനക്കും സാധിക്കട്ടെ....... ക്രയോണ്സ് പറഞ്ഞു നിര്‍ത്തി.

“ചേച്ചീ വാവേടെ ക്രയോണ്സ് കണ്ടോ....”താഴെ നിന്ന് ഉണ്ണി വിളിച്ച് ചോദിച്ചു.”ആ ഇവടെണ്ട്...”താഴേയ്ക്കിറങ്ങിചെന്നപ്പോഴും  അവന്‍ കരയുന്നുണ്ടായിരുന്നു.
 "എന്തിനാ വാവ കരയണേ....”ഞാന്‍ അവനോട് ചോദിച്ചു. “എന്‍റെ ക്രയോണ്സ്.............”അവന്‍റെ കുഞ്ഞു ചുണ്ടുകള്‍ വിതുമ്പി. കുഞ്ഞുവിരലുകള്‍ തുറന്ന് ഞാനാ ക്രയോണ്സ് അവന്‍റെ കയ്യില്‍ വച്ചു കൊടുത്തു. കവിളത്ത് ഒരുമ്മയും കൊടുത്തു. “ഇത് മോന്‍റെയാ...ഇനി കരയണ്ടാട്ടോ...”ഞാനവന്‍റെ കാതില്‍ പറഞ്ഞു..”ഉം” കണ്ണീര്‍ തുടച്ച് എന്‍റെ കവിലില്‍ ഒരുമ്മയും തന്ന് അവന്‍ വീട്ടിലേക്ക് പോയി...കയ്യില്‍ ആ കുഞ്ഞു ക്രയോണ്സ് മുറുക്കെ പിടിച്ചിരുന്നു. അന്ന് ഞാന്‍ മുറുക്കി പിടിച്ചിരുന്നതു പോലെ............................................

3 comments:

  1. ക്രയോണ്‍സിന് പറയാനുള്ളതും ...പറഞ്ഞതും മനോഹരം.
    സുന്ദരമായ,ലാളിത്യമുള്ള ശൈലി..അതൊരു പക്ഷെ സ്വന്തം സംസാര ശൈലിയാവാം..എങ്കിലും വായന സുഖകരം, ആസ്വാദ്യകരം..കുഞ്ഞു നാളിലെ അപക്വ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന വര്‍ണ്ണങ്ങള്‍ക്ക് ക്രയോണ്‍സിന്‍റെ സ്വര്‍ഗ്ഗ ഗന്ധവും...
    നന്നായിരിക്കുന്നു...എഴുത്തില്‍ ക്രയോണ്‍സിന്‍റെ വര്‍ണ്ണവും, മണവും, സ്വാദും എന്നും ഉണ്ടാവട്ടെ..
    ആശംസകള്‍..
    കോയ.പി.എം.

    ReplyDelete
  2. Kunjechi super.......

    Parayan vakkukalilla .......

    ReplyDelete