Pages

Sunday 10 July 2016

മിസ്ഡ്കോള്‍



         മിസ്ഡ്കോള്‍
ഉമ്മറത്തുള്ളൊരാ ചാരുകസേരയില്‍-
ചിന്തിച്ചിരുന്നിന്നു ഞാന്‍ മൌനം.
പോയ്മറഞ്ഞുവെന്‍ ജീവിതത്തിന്‍
പരമാംശങ്ങള്‍ വ്യഥകളും.
പോയ്മറഞ്ഞുവെന്‍ മുറ്റത്തുനിന്നും
പന്തലും പന്തവുമിന്നലെയെന്‍
സപ്തതിയ്ക്കായ് വന്ന വിരുന്നുകാരവര്‍.

മുകളില്‍ വിമാനമിരമ്പുന്നു
അതിലെന്‍റെ മകനും മറയുന്നു
അവനെനിക്കേകിയ സമ്മാന-
മെന്നതു ശബ്ദിയ്ക്കുന്നൊരു പെട്ടിക്കൂട്.
അതിനൊരു പേരുണ്ടതു
മൊബൈല്‍ഫോണെന്നത്രെ.
അറിയില്ലിതെന്തെന്നുമെങ്ങനെയെന്നും
എങ്കിലുമതെന്‍ കൈയില്‍ വിഹരിക്കുന്നു

“അച്ഛാ!” എന്‍ പൊന്നുകുഞ്ഞിന്നോമല്‍ ശബ്ദം.
നിറയുന്നു കണ്ണിന്‍ തണ്ണീര്‍തടങ്ങള്‍
അവയൊഴുകുന്നു കവിളിലെ ചുളിവുചാലില്‍.
ഏതോ വിദൂരമാം കോണിലിരിക്കുന്നയെന്‍
പൊന്നുകുഞ്ഞിന്‍റെ മധുരശബ്ദം.
ഓരോ ദിനത്തിലും ഓരോ നിമിഷവും
മടിയിലായ് സൂക്ഷിച്ചു ഞാനതിനെ
കാതോര്‍ത്തിരുന്നുവാ ശബ്ദത്തിനായ്
കണ്ണീര്‍ തുടിച്ചുവാനാദത്തിനായ്.

സന്ധ്യമയങ്ങി സമയവും വൈകി
കൈകാലുകള്‍ മരവിച്ചു തുടങ്ങി.
കണ്ണിലിരുട്ട് കാലില്‍ പെരുപ്പ്
ദേഹമാസകലം വേദനയും.
കണ്ണുകള്‍ മങ്ങി ചുണ്ടുകള്‍ വിങ്ങി
കാതിലായ് ചൂളം മുഴങ്ങി.
ഉണങ്ങി ചുളിഞ്ഞൊരാ ദേഹം വെടിഞ്ഞ്
എന്‍ പരമാത്മാവു യാത്രയായി.

അതുചിലയ്ക്കുന്നു ചിലച്ചുകൊണ്ടിരിക്കുന്നു
മയക്കത്തിലാരോ വിളിച്ചുണര്‍ത്തും പോല്‍
ഉണര്‍ന്നില്ല ഞാനതെടുത്തതുമില്ല
എന്‍ കുഞ്ഞിന്‍ ശബ്ദം കേട്ടതുമില്ല.
ഇതിന്‍ പേരത്രെ മിസ്ഡ്കോള്‍
മരിച്ചാലും മരിക്കാത്ത മിസ്ഡ്കോള്‍.

No comments:

Post a Comment