Pages

Friday 12 August 2016

സ്ത്രീ

                            സ്ത്രീ
അമ്മയുടെ   ഉള്ളിലൊരു   ഭ്രൂണമായെത്തിയീ
ഭൂമിയ്ക്കു   മറ്റൊരു   ഭാരമാകാന്‍
ഭ്രൂണം  വളര്‍ന്നുപിന്നങ്ങനെയനെയങ്ങനെ
കാത്തിരിപ്പായിയവളുടനെയെത്താന്‍
കീറിമുറിച്ചുവാ അമ്മയുടെ  ഉദരവും
ഈ  പാരിലെത്തിയൊരു  പെണ്‍കൊടിയായ്

വാവിട്ടുകരയുമ്പോളമ്മയുടെ  കണ്ണിലായ്
പൊടിയുന്നു  ചുടുനീരു  പേറ്റുനോവിന്‍
ഇവിടെ  പിറക്കുന്നു  ഒരു പെണ്‍കിടാവിന്‍റെ
കറതീര്‍ന്ന  നിണമാര്‍ന്ന  ജീവരാശി.
ആദ്യമായിട്ടവളെ  വാരിപ്പുണരുന്നു
വാത്സല്യമാമിരുകരങ്ങളാലെ

കരയുന്ന  കുഞ്ഞിന്‍റെ  ഓമനകണ്ണുകള്‍
തടവുന്നു  പതിയെയാ   കൈകളാലെ
അവളുടെയച്ഛന്‍റെ  കൈകളാണതുപിന്നെ
യോമനിക്കും  പിഞ്ചു  ബാലികയെ
ഓര്‍ക്കുകയീകൈകളേറ്റം  സുരക്ഷിതം
മറ്റുള്ളതൊക്കെയും  പിച്ചിചീന്തും.

"പെണ്‍കുട്ടികള്‍ കഷ്ടകാലം  വിതയ്ക്കുന്നു.
കെട്ടിച്ഛയയ്ക്കണ്ടെ?  കാശുവേണ്ടേ?"
ഇങ്ങനെ  ചൊല്ലി തുടങ്ങുന്നവളുടെ
കത്തിക്കരിയും നെരിപ്പോടുകള്‍
ആദ്യം കമിഴ്ന്നിട്ടുനീന്തിക്കളിക്കും
മുട്ടുകുത്തും  പിന്നെ  പുഞ്ചിരിക്കും

കൊച്ചരിപ്പല്ലുകള്‍  കൊണ്ടുനിറഞ്ഞൊരു
കുഞ്ഞുവായയ്ക്കുള്ള  ചോറുമൂട്ടും
കെട്ടുടുപ്പിട്ടിട്ടതോടിക്കളിക്കും
കാല്‍തട്ടിവീഴും  കരഞ്ഞുകാട്ടും
മുള്ളുള്ളചെടിയെ  തലോടുമവള്‍ പിന്നെ
എരിയുന്ന  നാളം  പിടിച്ചടക്കും

തന്നെ പഠിക്കുമവയപകടമെന്നവള്‍
പിന്നെ തൊടില്ലയിവയൊന്നുമേതും
ഓടിക്കളിക്കുമാമുറ്റത്തു തണലെഴും
മാവിന്‍റെ  കൊമ്പിലും  പാഞ്ഞുകേറും.
പന്ത്രണ്ടുപതിമൂന്നു  തികയുമ്പോളവളുടെ
മേനി പറയും  നീ  പക്വമായി

ഓടിക്കളിക്കുമ്പോള്‍  ഭ്രഷ്ട്  നല്‍കും
കയറില്ല പിന്നെയൊരു  കൊമ്പിലുമായ്
കാലങ്ങളിത്തിരി കാല്‍നടയാകുമ്പോള്‍
പോകണം പിന്നൊരു കുടുംബിനിയായ്
 നെഞ്ചോടുചേര്‍ക്കുന്നോരമ്മയെ  വിട്ടവള്‍
കാതങ്ങളകലെയായ്  പോയ്മറയും

 ഭര്‍ത്താവുമവളുടെ  വീട്ടുകാരും
സ്വന്തമാണെന്നോര്‍ത്തു  പെരുമാറണം
കൂട്ടിയിണക്കണം  കൂട്ടുകുടുംബമായ്
സ്നേഹിക്കണം  സ്നേഹമായ്  മാറണം
ഉദരത്തിലമ്മയന്നവളെ  ചുമന്നപോല്‍
പേറണം പത്തുമാസത്തിന്‍  ഗര്‍ഭം

മാറണമവളുമോരമ്മയായ്  പിന്നെ-
യുമോമനിക്കേണമാ  കുഞ്ഞാവയെ
മുട്ടിലിഴയുമ്പോള്‍  നോക്കിയിരിക്കണം
തട്ടിവീഴാതെന്നും  കാത്തിടേണം
താരട്ടുപാടിയുറക്കേണമവരെ
യൊരു  പോറലുപോലുമേയേറ്റിടാതെ

കുഞ്ഞുങ്ങളെപോറ്റിവലുതാക്കണം
പിന്നെയവരെക്കുറിച്ചോര്‍ത്തു  ദുഃഖിക്കണം
ഒന്നും വരുത്തല്ലെന്‍  കുട്ടിക്കു  മൂക്കിന്‍റെ
പൊട്ടില്‍ വിശര്‍ക്കാതെ  കാക്കണമേ
പ്രാര്‍ത്ഥനകൊണ്ടവള്‍ കാലം കഴിക്കണം
മക്കള്‍ക്കും  പേരക്കിടാങ്ങള്‍ക്കുമായ്

ഒരുയന്ത്രമായിയീ  ജീവിതം  കുത്തിട്ടു
തീര്‍ക്കണമൊരുപിടി മണ്ണിലായി.


 

No comments:

Post a Comment